04:15pm 30 May 2026
NEWS
സി. സദാനന്ദൻ കേന്ദ്രമന്ത്രിയാകും; കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും ദേശീയ നേതൃനിരയിലേക്ക്; ബിജെപിയിൽ പുനഃസംഘടനാ ചർച്ചകൾ സജീവം
30/05/2026  06:32 AM IST
nila
സി. സദാനന്ദൻ കേന്ദ്രമന്ത്രിയാകും; കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും ദേശീയ നേതൃനിരയിലേക്ക്; ബിജെപിയിൽ പുനഃസംഘടനാ ചർച്ചകൾ സജീവം

കൊല്ലം: ബിജെപിയുടെ ദേശീയ നേതൃനിരയിലേക്ക് കേരളത്തിൽ നിന്നും കൂടുതൽ നേതാക്കൾ എത്തുമെന്ന് സൂചന. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ജൂൺ മധ്യത്തോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതോടെ മലയാളികളായ നിരവധി നേതാക്കൾ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തപ്പെടും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ദേശീയ സെക്രട്ടറി പദവി ലഭിക്കാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയുന്നവർക്ക് ദേശീയതലത്തിൽ ചുമതല നൽകുന്ന പാർട്ടിയുടെ പതിവ് ഇത്തവണയും തുടരുമെന്നാണ് വിലയിരുത്തൽ. ശോഭാ സുരേന്ദ്രനെ മഹിളാ മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയാക്കുന്നതും പരിഗണനയിലുണ്ട്. നിലവിൽ ദേശീയ ഭാരവാഹികളായ എ.പി. അബ്ദുള്ളക്കുട്ടിയും അനിൽ ആന്റണിയും തുടരാനിടയുണ്ട്. കൂടാതെ ജോർജ് കുര്യൻ, പത്മജ വേണുഗോപാൽ എന്നിവരുടെയും പേരുകൾ ദേശീയ പട്ടികയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നു. രാജ്യസഭാ കാലാവധി പൂർത്തിയാകുന്ന ജോർജ് കുര്യന് ന്യൂനപക്ഷ മോർച്ചയുടെ ദേശീയ അധ്യക്ഷനോ ജനറൽ സെക്രട്ടറിയോ എന്ന നിലയിൽ പുതിയ ചുമതല ലഭിച്ചേക്കും.

അനിൽ ആന്റണിയോ അനൂപ് ആന്റണിയോ രാജ്യസഭയിലേക്ക് പരിഗണിക്കപ്പെടുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. പാർട്ടി പുനസംഘടനയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിസഭയിലും ചില മാറ്റങ്ങളുണ്ടായേക്കാം. കേന്ദ്ര മന്ത്രിസഭാ വികസനം നടന്നാൽ കേരളത്തിൽ നിന്ന് പുതിയൊരു നേതാവിന് മന്ത്രിസ്ഥാനം ലഭിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. സി. സദാനന്ദന്റെ പേരും ഈ ചർച്ചകളിൽ ഉയർന്നുകേൾക്കുന്നു.

അതേസമയം സംസ്ഥാന ഘടകത്തിലും സമഗ്ര പുനഃസംഘടനയ്ക്കാണ് നേതൃത്വം തയ്യാറെടുക്കുന്നത്. തെരഞ്ഞെടുപ്പുകളിലെ പ്രകടനം വിലയിരുത്തിയ ശേഷമാണ് ചില ജില്ലാ അധ്യക്ഷന്മാരെയും സംസ്ഥാന ഭാരവാഹികളെയും മാറ്റാനുള്ള ആലോചനകൾ പുരോഗമിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

തിരുവനന്തപുരം നോർത്ത് മുതൽ ആലപ്പുഴ നോർത്ത് വരെയുള്ള നിരവധി ജില്ലാ ഘടകങ്ങളിൽ അധ്യക്ഷന്മാരെ മാറ്റുന്ന കാര്യം പരിഗണനയിലുണ്ട്. എന്നാൽ ചില ജില്ലകളിൽ നിലവിലെ നേതൃത്വത്തെ നിലനിർത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

ഇരട്ടപ്പദവികൾ അനുവദിക്കില്ലെന്ന പാർട്ടി നയത്തിന്റെ ഭാഗമായി തിരുവനന്തപുരം മേയർ വി.വി. രാജേഷിന് സംസ്ഥാന സെക്രട്ടറി പദവി നഷ്ടമാകാൻ സാധ്യതയുണ്ട്. ദേശീയതലത്തിലേക്കുള്ള നേതാക്കളുടെ മാറ്റം സംസ്ഥാന ഘടകത്തിൽ പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്നതിനാൽ നിരവധി നേതാക്കൾ സ്ഥാനങ്ങൾ ലക്ഷ്യമിട്ട് സജീവമായി രംഗത്തുണ്ട്. പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ സജീവമായതോടെ തങ്ങളുടെ പ്രവർത്തന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ സമീപിക്കുന്നതായും പാർട്ടി വൃത്തങ്ങൾ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img